National
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠര് രാജീവര് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുന്നു.
മെഡിസിൻ കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ഐസിയുവിലേക്ക് മാറ്റിയത്. ശനിയാഴ്ച രാവിലെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ വച്ച് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് തന്ത്രിയെ ആശുപത്രിയിൽ എത്തിച്ചത്.
ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധനകൾ നടത്തിയതിന് ശേഷം വിദഗ്ദ പരിശോധനക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശിൽപ പാളികള്‍ കടത്തിയ കേസിലും എസ്ഐടി പ്രതിചേർക്കും. സ്വർണ പാളി ചെമ്പാക്കി മാറ്റിയ മഹസറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എസ്ഐടി പറയുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ ചോദ്യംചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോർട്ട്.
കേസിൽ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ. പത്മകുമാർ കണ്ഠരര് രാജീവര്‍ക്കെതിരേ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയത്.
പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കിയെന്നും തന്ത്രി കൊണ്ടുവന്നതിനാല്‍ പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാർ മൊഴി നല്‍കിയത്.
അതേസമയം, സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കണ്ഠരര് രാജീവര് മൊഴി നല്‍കിയത്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയതെന്നും പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും മൊഴിയിലുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രത്യേക അന്വേഷണ സംഘത്തിലെ ഇടത് അനുഭാവമുള്ള പോലീസ് ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുതുതായി സ്പെഷൽ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയ രണ്ട് സിഐമാരാണ് കേസ് മന്ദഗതിയിലാക്കുന്നതും അട്ടിമറിക്കുന്നതുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് മുന്നിൽ തെളിവ് കൊടുത്ത പ്രവാസി വ്യവസായി ചൂണ്ടിക്കാട്ടിയ തമിഴ്നാട് സ്വദേശി ഡി. മണി ഈ കേസിൽ കുറ്റക്കാരനല്ല എന്ന് അന്വേഷണസംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മണിക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് തെളിയിക്കത്തക്ക തെളിവൊന്നും കിട്ടിയിട്ടില്ല എന്നാണ് അന്വേഷണസംഘം പറയുന്നത്. പ്രവാസി വ്യവസായിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം പറയുന്നുണ്ടെങ്കിലും കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.
Kerala
തൃശൂർ: ശബരിമല സ്വർണക്കൊള്ളയിൽ അടൂർ പ്രകാശിനു ബന്ധമുണ്ടാകാൻ സാധ്യതയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംപിയെന്ന നിലയിൽ ചില പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടാകാം. മറ്റെന്തെങ്കിലും അറിവുണ്ടെന്നു കരുതുന്നില്ല.
അയ്യപ്പന്റെ മുതലു കട്ടവരാരും രക്ഷപ്പെടില്ല. കേസ് അന്താരാഷ്ട്ര മാനങ്ങളുള്ളതാണെന്നാണു വിവരം. അതുകൊണ്ടാണു കോടതിയുടെ നിയന്ത്രണത്തിലുള്ള സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
തെരഞ്ഞെടുപ്പു തോൽവിയുടെ കാരണമെന്തെന്നു സിപിഐക്കു മനസിലായിട്ടും സിപിഎം അംഗീകരിക്കില്ല. ശബരിമലയും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായില്ലെന്നാണു സിപിഎം പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഡിണ്ടിഗൽ സ്വദേശി ഡി.മണിയുടേയും ശ്രീകൃഷ്ണന്റെയും ബാലമുരുകന്റെയും ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം മൂവരെയും വിട്ടയച്ചു. രണ്ട് ക്രൈം ബ്രാഞ്ച് എസ്പിമാർക്കൊപ്പം ക്രൈംബ്രാഞ്ച് മേധാവി എസ്പി വെങ്കിടേഷ് നേരിട്ട് എത്തിയാണ് ഇവരെ ചോദ്യം ചെയ്തത്.
രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ ഏഴര മണിക്കൂര്‍ നീണ്ടു. ശബരിമല കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വിദേശവ്യവസായിയും എസ്ഐടിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
ശബരിമലയിലെ സ്വർണ ഉരുപ്പടികൾ വിറ്റുവെന്നും അതിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ഡി. മണിയുമാണെന്നും പ്രവാസി വ്യവസായി മൊഴി നൽകിയിരുന്നു. ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ചാണെന്നും ഡിണ്ടിഗലിൽ വെച്ച് ചർച്ചകൾ നടന്നുവെന്നും വ്യവസായി എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.
അതേസമയം ഇവരോട് വീണ്ടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ശബരിമല ഭക്തനെന്ന നിലയിലും സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിലും പരിചയപ്പെട്ടിട്ടുണ്ട്. സ്വർണം പൂശാനായി ബോർഡോ വ്യക്തികളോ അപേക്ഷ നൽകിയിട്ടില്ല.
സ്വർണം പൂശിയ കാര്യം ബോർഡ്, സർക്കാരിനെ അറിയിച്ചിട്ടില്ല. മന്ത്രിയെന്ന നിലയിൽ തനിക്ക് ഒരറിവും ഉണ്ടായിരുന്നില്ല. മുൻമന്ത്രിയെന്ന നിലയിൽ അറിയാവുന്നത് പറഞ്ഞു.- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കേസിൽകടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് മണിക്കൂര്‍ സമയം നീണ്ടുനിന്ന ചോദ്യം ചെയ്യൽ നടന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ വന്‍ സമ്മര്‍ദം ചെലുത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
മര്യാദയുടെ പേരില്‍ മാത്രം ആ ഉദ്യോഗസ്ഥരുടെ പേര് പറയുന്നില്ല. എസ്ഐടിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസും പിന്മാറണം. അല്ലാത്ത പക്ഷം ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തുമെന്നും വി.ഡി. സതീശന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സത്യസന്ധവും നീതിപൂര്‍വവുമായ അന്വേഷണം നടക്കണം. ഇത് അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന കേസാണ്. എസ്ഐടിയില്‍ തങ്ങള്‍ ഇതുവരെ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. യഥാർഥ കുറ്റവാളികളെ, വന്‍ സ്രാവുകളെ നിയമത്തിന് മുന്നില്‍കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സതീശന് പറഞ്ഞു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസ് ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതി ഇതു സംബന്ധിച്ച് ഉത്തരവിറക്കി. ഇഡി അന്വേഷണം ആവശ്യമില്ലെന്ന എസ്ഐടിയുടെ നിലപാട് തള്ളിയാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്.
കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാനും പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി. ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്.
കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. എന്നാൽ മുഴവൻ രേഖകൾ കൈമാറുന്നതിൽ എസ്ഐടി എതിർപ്പ് അറിയിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും സമാന്തര അന്വേഷണം വേണ്ടെന്നുമായിരുന്നു എസ്ഐടിയുടെ നിലപാട്. ഇഡി സമാന്തര അന്വേഷണം നടത്തിയാല്‍ നിലവിലെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. ചുണയുണ്ടെങ്കിൽ തന്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ സതീശൻ കോടതിയിൽ ഹാജരാക്കണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു.
നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരനാണെന്ന് വി.ഡി. സതീശൻ വീണ്ടും തെളിയിക്കുകയാണ്. വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചിട്ട് മാസങ്ങളായെന്നും ഇതുവരെ പുറത്തുവിടാത്ത തെളിവുകൾ ഇനിയെങ്കിലും പുറത്തുവിടാനും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചു.
ശബരിമല സ്വർണക്കൊള്ള വിവാദം ഉയർന്നതിന് പിന്നാലെയാണ് മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ സതീശൻ ആരോപണങ്ങൾ ഉയർത്തിയത്. സ്വർണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്നും സതീശൻ പറഞ്ഞിരുന്നു.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വി.ഡി. സതീശനെതിരെ ഞാൻ ഫയൽ ചെയ്തിരിക്കുന്ന മാനനഷ്ട ഹർജിയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകുന്നത് ഇന്നലെ മനോരമ ന്യൂസ് ആണ്. അത് തെറ്റാണ് എന്നും കോടതിയിൽ എന്താണ് നടന്നത് എന്നുമുള്ള എന്റെ വക്കീലിന്റെ പ്രസ്താവന ഞാൻ ഫേസ്ബുക്കിൽ പങ്ക് വെക്കുകയും മീഡിയ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
അതിന് ശേഷം നടന്നിരിക്കുന്ന തോന്നിവാസം ആണ് നിങ്ങൾ കമന്റിൽ കാണുന്നത്. ഇത് എന്തൊരു തരം മാധ്യമ പ്രവർത്തനം ആണ്? എല്ലാ മീഡിയയിലും ഒരേ ടെംപ്ലേറ്റിൽ ഒരു വ്യാജ വാർത്ത വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അതിന്റെ സോഴ്സ് ഒന്നായിരിക്കും എന്ന്. ആ സോഴ്സ് ആരായിരിക്കും എന്നും നമുക്ക് ഊഹിക്കാമല്ലോ.
ഇനി സതീശനോടാണ്. സതീശാ, നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവർത്തിക്കാൻ ഉള്ളതാണ്. താൻ എന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ. ചുണയുണ്ടെങ്കിൽ താൻ തന്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ..
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ. കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അന്വേഷണസംഘത്തിന്റെ അറസ്റ്റ്. ക്രമക്കേടില്‍ ശ്രീകുമാറിനും പങ്കുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. 2019ൽ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് പാളികൾ കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു ശ്രീകുമാർ.
കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ മാത്രമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. മുന്‍കൂര്‍ ജാമ്യം തേടി ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
സ്പോൺസർ ഉണ്ണികൃഷ്ണൻപോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്കുമാര്‍, തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജു, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു, ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ എന്നിവരാണ് ശ്രീകുമാറിനെ കൂടാതെ കേസില്‍ ഇതുവരെ അറസ്റ്റിലായത്.
Kerala
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യം. ശബരിമലയിലെ കട്ടിളപ്പാളികളില്‍ സ്വര്‍ണം പൊതിഞ്ഞതിനു രേഖകളുണ്ടോ എന്ന നിര്‍ണായക ചോദ്യമുയര്‍ത്തിയിരിക്കുകയാണ് ഹൈക്കോടതി.
സ്വര്‍ണക്കൊളളയില്‍ ജയിലില്‍ കഴിയുന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യം. കട്ടിളപ്പാളികള്‍ ചെമ്പ് പൊതിഞ്ഞതെന്നാണ് ജാമ്യ ഹര്‍ജിയില്‍ വാസു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തില്‍ നിന്നും ബോര്‍ഡ് അംഗങ്ങളില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. മൊഴി നല്കാന് ഹാജരാകണമെന്ന് അന്വേഷണ സംഘം നിര്‍ദേശം നല്കി.
ദ്വാരപാലക ശില്പങ്ങളില് സ്വര്‍ണം പൂശിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയെയും രണ്ട് ജീവനക്കാരെയും എസ്ഐടി തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്തിരുന്നു. മുന്‍ ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ കാലത്തെ ബോര്‍ഡ് അംഗങ്ങളില്‍ നിന്നു വീണ്ടും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ദ്വാരപാലക ശില്പ്പങ്ങള് കൊണ്ടുപോകാന്‍ താന്‍ അനുമതി നല്‍കിയത് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ആവശ്യപ്പെട്ടതുകൊണ്ടായിരുന്നുവെന്ന് തന്ത്രി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍കാലത്തെ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് എസ്ഐടി വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്.
അതേസമയം, റിമാൻഡിലായിരുന്ന ഉണ്ണിക്കൃഷ്ണന് പോറ്റിയെയും ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെ പ്രത്യേക അന്വേഷണ സംഘം വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
National
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ലമെന്റ് കവാടത്തില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. തദ്ദേശ തെരഞ്ഞെടുപ്പിനിടെ വൈറലായ പാരഡി ഗാനം പാർലമെന്റിനു മുന്നിൽ ആലപിച്ചാണ് പ്രതിഷേധം നടത്തിയത്.
പോറ്റിയെ കേറ്റിയേ... സ്വര്‍ണം ചെമ്പായി മാറ്റിയേ... എന്ന പാട്ടു പാടിക്കൊണ്ടായിരുന്നു യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. അമ്പലക്കള്ളന്മാര് കടക്കു പുറത്ത്, ശബരിമല കള്ളന്മാര് കടക്കു പുറത്ത് തുടങ്ങിയ മുദ്രാവാക്യങ്ങളും എംപിമാര്‍ ഉയര്‍ത്തി.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ശബരിമല സ്വര്‍ണക്കൊള്ള ദേശീയ തലത്തില്‍ തന്നെ പ്രചാരണായുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിലവിലെ എസ്ഐടി അന്വേഷണം പോരെന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്.
തിങ്കളാഴ്ച രാവിലെ 10.30ഓടെയായിരുന്നു ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ പാർലമെന്റിനു മുന്നിലെ പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിൽ കെ.സി.വേണുഗോപാൽ, ആന്റോ ആന്റണി, ഹൈബി ഈഡൻ തുടങ്ങിയവർ ശബരിമല വിഷയം ലോക്സഭയുടെ ശൂന്യവേളയിൽ ഉന്നയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴിനൽകി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈഞ്ചയ്ക്കല്‍ ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തല മൊഴി നല്‍കിയത്.
ശബരിമലയിൽ നിന്ന് കടത്തിയ സ്വർണപ്പാളികൾ പുരാവസ്തുവായി വിറ്റുവെന്നും 500 കോടിയുടെ മൂല്യം അതിനുണ്ടെന്നും മുൻപ് അദ്ദേഹം ആരോപിച്ചിരുന്നു. ഇതേപ്പറ്റി അറിവുള്ളയാൾ തന്നോട് പറഞ്ഞുവെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടിരുന്നു.
നേരത്തെ മൊഴിനൽകാനെത്തുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചിരുന്നുവെങ്കിലും അന്വേഷണ സംഘത്തിന്റെ അസൗകര്യം മൂലം മാറ്റുകയായിരുന്നു. തനിക്ക് ലഭിച്ച വിവരങ്ങള്‍ എസ്ഐടിക്ക് മുന്നില്‍ പറഞ്ഞു. അവർ അന്വേഷിക്കട്ടെയെന്നും മൊഴി നല്കിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.
വിവരങ്ങള്‍ സത്യമാണോ അല്ലയോ എന്ന കാര്യം എസ്ഐടി തീരുമാനിക്കട്ടെ. അത് സത്യമാണെന്നാണ് തന്റെ വിശ്വാസം. കൈമാറിയത് തെളിവുകളല്ല വിവരങ്ങളാണ്. തന്റെ ഉത്തരവാദിത്വമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ ഒരു അറസ്റ്റ് ഉണ്ടാകുമെന്നു തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പത്തനംതിട്ട പ്രസ്ക്ലബില്‍ "തദ്ദേശം 2025 മീറ്റ് ദി ലീഡര്‍' പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പു കാലം ആയതുകൊണ്ടാകാം ആ അറസ്റ്റ് വൈകുന്നത്. അറസ്റ്റ് വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദമുണ്ടാകാമെന്നും സതീശന് പറഞ്ഞു. ഉണ്ണികൃഷ്ണന് പോറ്റിയെ ദേവസ്വം ബോര്‍ഡിലേക്ക് എത്തിച്ചതിനു പിന്നില്‍ പ്രേരകമായ ഒരാളുണ്ട്. ആ ആളിന്റെ അറസ്റ്റാണ് ഉണ്ടാകേണ്ടതെന്നും സതീശൻ കൂട്ടിച്ചേർത്തു.
എ. പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാതിരുന്നത് അദ്ദേഹത്തെ ഭയപ്പെട്ടിട്ടാണ്. പത്മകുമാറിനെ പ്രകോപിപ്പിച്ചാല്‍ അദ്ദേഹം പലതും വിളിച്ചു പറയുമോയെന്ന ഭയം സിപിഎമ്മിനുണ്ട്. സ്വര്‍ണക്കൊള്ളക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ ശക്തമായ നടപടിയാണ് കോണ്‍ഗ്രസ് എടുത്തത്. പാര്‍ട്ടിയുടെ മുമ്പില്‍ ഒരു പരാതി പോലും വരാതെ സംഘടനാപരമായ നടപടിയെടുത്തു. തെറ്റായ കാര്യങ്ങള്‍ ആരു ചെയ്താലും അവരെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല. തെരഞ്ഞെടുപ്പു കാലത്ത് ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും സതീശൻ ആരോപിച്ചു.
ശബരിമല തീര്‍ഥാടനക ക്രമീകരണങ്ങളിലും ഗുരുതര വീഴ്ചയുണ്ടായി. ശബരിമലയിലെ സ്ഥിതി ഭയാനകമെന്ന് ചുമതലയേറ്റ് രണ്ടാംദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു പറയേണ്ടിവന്നു. തീര്‍ഥാടനകാലം ആരംഭിക്കുന്നതിന് ആറുദിവസം മുമ്പാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. മണ്ഡലകാല ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലമാണെന്ന വാദം വസ്തുകകള്‍ക്കു നിരക്കുന്നതല്ല.
ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് അലയടിക്കുകയാണ്. മസാല ബോണ്ടുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കുക തന്നെ വേണം. കോടികളുടെ അഴിമതി ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇഡി ഒന്നും ചെയ്യുകയില്ലെന്നും ഭയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും സതീശന് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. എസ്ഐടി കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
റിമാൻഡു ചെയ്ത പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടു പോയി. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് ചോദ്യം ചെയ്യലിൽ എ. പത്മകുമാർ ആവർത്തിച്ചു.
പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിൽ ആണെന്നും പത്മകുമാർ മൊഴി നൽകി. ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല
Kerala
കൊച്ചി : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി എസ്ഐടി. അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എസ്ഐടി പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ എസ്ഐടി നടത്തിയ പരിശോധന അർദ്ധരാത്രി വരെ നീണ്ടിരുന്നു. പോറ്റിയും പത്മകുമാറും തമ്മിലെ ഇടപാടിന്റെ രേഖകൾക്ക് വേണ്ടിയായിരുന്നു പരിശോധന. ബോർഡും പോറ്റിയും തമ്മിലെ ഇടപാടുകളെ കുറിച്ചുള്ള രേഖകളുടെ പകർപ്പ് എസ്ഐടിക്ക് ലഭിച്ചെന്നും സൂചനയുണ്ട്.
2016 മുതൽ പത്മകുമാറിന്റെ ആദായനികുതി വിവരങ്ങളടക്കമുള്ള വിവരങ്ങൾ അടങ്ങിയ രേഖകളും കസ്റ്റഡിയിലെടുത്തു. പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്നാണ് പത്മകുമാറിന്റെ ബന്ധുക്കളുടെ മൊഴി. പക്ഷെ ഇത് സൗഹൃദ സന്ദർശനമായിരുന്നുവെന്നാണ് വിശദീകരണം.
താൻ പ്രസിഡന്റാകുന്നതിന് മുമ്പ് തന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ നല്ല സ്വാധീനമുണ്ടായിരുന്നുവെന്നാണ് പത്മകുമാറിന്റെ മൊഴി. താനെടുത്ത തീരുമാനങ്ങൾക്ക് ബോർഡിലെ മറ്റ് അംഗങ്ങൾക്കും അറിവുണ്ടായിരുന്നുവെന്നും പത്മകുമാർ മൊഴി നൽകി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിക്ക് കാലാവധി നീട്ടിക്കൊടുക്കാനുള്ള നീക്കമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
തെളിവു നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയതു ഗുരുതര വീഴ്ചയാണ്. കേസിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ല.
ദേവസ്വം ബോർഡ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്.കാര്യക്ഷമമായ ചോദ്യം ചെയ്യൽ നടക്കുന്നില്ല. സ്വർണം വീണ്ടെടുക്കുന്നില്ല. അന്വേഷണം മരവിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
ആലപ്പുഴ: ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോർഡുകളുടെ ഭരണം മാറിയെന്ന് വെള്ളാപ്പള്ളി നടേശൻ. ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു. മാറിമാറി ഭരിച്ച ഒരു സർക്കാരിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള വിവാദം അന്തമില്ലാതെ തുടരുന്നു. അത് സംസ്ഥാന സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും പ്രതിസന്ധിയിലാക്കി. കാണിക്കവഞ്ചിയിൽ കൈയിട്ടുവാരാത്തവർ ചുരുക്കമാണ്. മോന്തായം വളഞ്ഞാൽ കഴുക്കോലുകളുടെ കാര്യം പറയാനില്ലെന്ന പോലെയാണ് ദേവസ്വം ബോർഡുകളിലെ ജീവനക്കാരുടെ സ്ഥിതി.
നൂറുകണക്കിന് മുരാരി ബാബുമാർ അഞ്ചു ദേവസ്വം ബോർഡുകളിലുമായുണ്ട്. ഹൈക്കോടതി ഇടപെടൽ ഇല്ലെങ്കിൽ പ്രതിഷ്ഠവരെ പൊളിച്ചു കടത്തിയേനെ. ദേവസ്വം ഭരണരീതികൾ മാറ്റണം. ആത്മാർഥതയുണ്ടെങ്കിൽ അഞ്ച് ദേവസ്വം ബോർഡുകളും സർക്കാർ പിരിച്ചുവിടണം. പ്രഫഷണൽ ഭരണമുള്ള ഒന്നോ രണ്ടോ ദേവസ്വം ബോർഡ് മതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.